അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച സ്വര്‍ണവും പണവും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച സ്വര്‍ണം പൂശിയ ഗ്രന്ഥവും കാണാതായതായി ആരോപണം. സ്വര്‍ണം പതിപ്പിച്ച, അഞ്ചുകോടിയോളം രൂപ വിലവരുന്ന രാമചരിതമാനസത്തിന്റെ പകർപ്പാണ് കാണാതായതെന്ന് മുന്‍ ഐഎഎസ് ഓഫീസറായ എസ്. ലക്ഷ്മിനാരായണന് ആണ് ആരോപിച്ചത്.
തന്റെ കുടുംബം ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയതാണ് ഗ്രന്ഥം. 2024 ഏപ്രിലിലാണ് ശ്രീരാമജന്മ ഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിനെ പുസ്തകം ഏല്‍പ്പിക്കുന്നത്. ഇത് പിന്നീട് ക്ഷേത്രത്തില്‍നിന്ന് നീക്കുകയായിരുന്നുവെന്നും ലക്ഷ്മിനാരായണൻ ആരോപിച്ചു. സംഭാവനയായി ലഭിക്കുന്ന മുഴുവന്‍ വസ്തുക്കളും ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് രാജിവച്ച ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, സംഭാവനക്കൊള്ളയില്‍ മൗനം ഭഞ്ജിച്ച് രാമക്ഷേത്ര ട്രസ്റ്റ് ട്രഷറല്‍ ഗോവിന്ദ് ദേവ് ഗിരിയുടെ പ്രസ്താവന പുറത്തിറങ്ങി. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്നതില്‍ ട്രഷറര്‍ക്ക് ഒരു പങ്കുമില്ലെന്ന് രണ്ടുപേജുള്ള പ്രസ്താവനയില്‍ അവകാശപ്പെട്ട ഗോവിന്ദ് ദേവ് ഗിരി, സംഭവത്തിൽ നിക്ഷ്പക്ഷവും അതിശക്തവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവശ്വസനീയമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ സംഭവിച്ചത്.
രാമഭക്തരുടെ വികാരങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തിയ സംഭവമാണിത്. ട്രഷറര്‍ സ്ഥാനം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ക്ഷേത്രത്തില്‍ രണ്ടുമാസത്തിനിടെ ഒരുതവണയാണ് സാധാരണ എത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അയോധ്യയിലെ സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രയ ഹൊസബാളെയെ അധ്യക്ഷൻ മോഹൻ ഭാഗവത് പിന്തുണച്ചു. ഹൊസബാളെയുടെ നിലപാടാണ് തനിക്കും ഇക്കാര്യത്തിലുള്ളതെന്ന് ആർഎസ്എസ് അധ്യക്ഷൻ വ്യക്തമാക്കുകയായിരുന്നു. നാഗ്പുരിൽ ഒരു പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.